Monday, February 3, 2020

ആ വായനയല്ല "ഇ-വായന"

ഇന്റർനെറ്റിന്റെയും, കമ്പ്യൂട്ടർ മൊബൈൽ ഫോൺ അടക്കമുള്ള സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നു എന്നുള്ള ഭീതി ശക്തമായിത്തീർന്നിരുന്നു. വായന എന്നത് വെറും അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രമേ സാധ്യമാകൂ എന്നുള്ള തെറ്റിദ്ധാരണ ആയിരുന്നിരിക്കാം ഈ അനാവശ്യ ഭീതിക്ക് കാരണമായത്. യഥാർത്ഥത്തിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം അടങ്ങുന്ന പുത്തൻ സാങ്കേതിക വിദ്യകൾ വായനയെ എങ്ങനെയാണ് സ്വാധീനിച്ചത്?
             
    പുതിയൊരു പുസ്തകം തുറക്കുമ്പോൾ പുത്തൻ കടലാസിന്റെയും അച്ചടിമഷിയുടെയും മണം ആസ്വദിച്ചുകൊണ്ട് വായന ആരംഭിക്കുന്നതിന്റെ ഗൃഹാതുരത ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞു. ഇന്ന് വായന കമ്പ്യൂട്ടറിലേയ്ക്കും, മൊബൈൽ ഫോണിലേയ്ക്കും, ഇ-ബുക്ക് റീഡറുകളിലേക്കും വികസിച്ചിരിക്കുന്നു. അച്ചടി പുസ്തകം ഇല്ലാതായാലും വായന മരിക്കുകയല്ല, മറിച്ച് വളരുകയാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അച്ചടിച്ചതും, അല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രചാരവും വിൽപനയും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതാണ് നമുക്ക് മനസ്സിലാക്കുന്നത്.


പുതിയതലമുറ ഉപകരണങ്ങൾ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായതോടെ വായനയുടെ ആകാശം വികസിക്കുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യകളും ഉപകരണങ്ങളും വായനയ്ക്ക് പുതിയ ആകാശങ്ങൾ തുറന്നുതരികയാണ് ചെയ്തതെന്ന് കാലം തെളിയിക്കുന്നു.                
പുസ്തകം തന്നെ അത്യാവശ്യമല്ലാത്ത, പുതിയ വായനയുടെ ലോകമാണ് സാങ്കേതികത ഒരുക്കിത്തരുന്നത് എന്നതാണ് യാഥാർഥ്യം. ഇന്ന് ലോകമെമ്പാടും പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾത്തന്നെ അതിന്റെ ഇ-ബുക്ക് പതിപ്പുകളും വിപണിയിലെത്തുന്നുണ്ട്. പുസ്തകത്തേക്കാൾ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാകും എന്നതു മാത്രമല്ല ഇ-ബുക്കുകളെ വായന പ്രേമികൾക്ക് പ്രിയങ്കരമാക്കുന്നത്, അതിന്റെ ഉപയോഗ ക്ഷമത കൂടിയാണ്.

ഇ-ബുക്ക് റീഡറുകൾ ഉപയോഗിച്ച് സൗകര്യപ്പെടുമ്പോഴൊക്കെ ഒരാൾക്ക് വായനയുടെ ലോകത്തേയ്ക്ക് കടന്നെത്താനാകുന്നു. ആയിരക്കണക്കിന് പുസ്തകങ്ങൾ ഒരു ഇ-റീഡറിൽ സമാഹരിച്ചുവയ്ക്കാം. പോകുന്നിടത്തൊക്കെ ഈ പുസ്തക ശേഖരം കൊണ്ടുനടന്ന് വായിക്കാം. പുസ്തക വായനയുടെ അനുഭവം നൽകുന്ന വിധത്തിൽ പേജുകൾ മറിച്ച് വായിക്കാനും ഇത്തരം ഇ-ബുക്ക് റീഡറുകൾ കൊണ്ട് സാധിക്കുന്നു. 
പുസ്തകങ്ങളായി അച്ചടിച്ചിറക്കുന്നവയുടെ ഇലക്ട്രോണിക് പതിപ്പുകളായ ഇ-ബുക്കുകൾ മാത്രമല്ല ഇ-വായന. സോഷ്യൽ മീഡിയ എന്നതും വായനയുടെ ഒരു വലിയ ലോകമാണ്. സാഹിത്യം, രാഷ്ട്രീയം, ശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും ഗൗരവകരമായ എഴുത്തും വായനയും ഇന്ന് സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. ബ്ലോഗുകൾ, ഇ-മാഗസിനുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിങ്ങനെയുള്ളവയും ഇ-വായനതന്നെയാണ്. പുസ്തകങ്ങളുടെ മേധാവിത്വത്തിൽനിന്ന് മാറുകയും ഓൺലൈൻ പോർട്ടലുകളും ബ്ലോഗുകളും സോഷ്യൽ മീഡിയയുമൊക്കെ വായനയ്ക്കുള്ള ഉപാധിയായിത്തീരുകയും ചെയ്തു എന്നതാണ് പുതിയ കാലത്തെ വായനയുടെ ഒരു സവിശേഷത.
2002നു ശേഷം മലയാളം കമ്പ്യൂട്ടിങ്ങിലുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ വായനയിലും എഴുത്തിലുമൊക്കെ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2010 മുതൽ യൂണികോഡ് സർവ്വസാധാരണമാവുകയും ഏത് കമ്പ്യൂട്ടറിലും മലയാളം എഴുതാനും വായിക്കാനും സാധിക്കുകയും ചെയ്തു. ബ്ലോഗുകളും സോഷ്യൽ മീഡിയ വെബ്സൈറ്റുകളും വഴി വായനയുടെയും എഴുത്തിന്റെയും പുതിയ ലോകമാണ് മലയാളിയുടെ മുന്നിലും തുറക്കപ്പെടുന്നത്.

ഇ-ബുക്കുകളുടെ ട്രെൻഡ് മലയാളത്തിൽ വേണ്ടത്ര വ്യക്തമായിത്തുടങ്ങിയിട്ടില്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ മറ്റു രാജ്യങ്ങളിലെ പോലെ വ്യാപകമായി ഇ-ബുക്കുകൾ ഇവിടെയും വ്യാപകമായിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.
        ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കുന്ന മലയാളികൾക്കിടയിൽ ഇ-ബുക്ക് വായനയ്ക്ക് വേരോട്ടമുണ്ടായിട്ടുണ്ട്. മലയാളം പുസ്തകങ്ങളും ഇപ്പോൾ ഇ-ബുക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. 
         മലയാളത്തിൽ ഇപ്പോഴും അച്ചടിച്ച പുസ്തകങ്ങളുടെ പ്രചാരത്തിന് ഇന്നും കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. സാഹിത്യത്തിനു പകരം ശാസ്ത്രം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിലുള്ള പുസ്തകങ്ങളാണ് ഇപ്പോൾ കൂടുതലായി വിൽക്കപ്പെടുന്നത്.
            വായനാമാധ്യമങ്ങൾ മാറിയേക്കാമെങ്കിലും മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിന് അറുതിവരാത്തിടത്തോളം വായന നിലനിൽക്കുക തന്നെ ചെയ്യും.

1 comment:

  1. വായനാമാധ്യമങ്ങൾ മാറിയേക്കാമെങ്കിലും
    മനുഷ്യന്റെ അറിയാനുള്ള ആഗ്രഹത്തിന് അറുതി
    വരാത്തിടത്തോളം വായന നിലനിൽക്കുക തന്നെ ചെയ്യും.

    ReplyDelete